നാലുവർഷത്തിലൊരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന പത്രത്തിന് ലക്ഷക്കണക്കിന് വായനക്കാർ !

നാലുവർഷത്തിലൊരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന പത്രത്തിന് ലക്ഷക്കണക്കിന് വായനക്കാർ !

അതിരാവിലെ മലയാളികൾക്കുള്ള ഒരു ശീലമാണ് പത്ര പാരായണം. വായനാശീലം ഉള്ള മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ് ചൂടുള്ള കാപ്പിയോടൊപ്പം പത്ര പേജുകളിലൂടെ കണ്ണോടിക്കുകയെന്നത്. വായനാ ശീലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാളിക്ക് അത് ഒരു പതിവ് ശീലവും ആണ് . പത്രം ഒന്ന് വരാൻ അല്പം വൈകിയാലോ..? ന്യൂസ് പേപ്പർ ബോയ്ക്ക് കിടക്കപ്പൊറുതി ഉണ്ടാവില്ല.

ഇൻറർനെറ്റിന്റെ വർദ്ധിച്ച സൗകര്യവും ഓൺലൈൻ മാധ്യമങ്ങളുടെ കുതിച്ചുചാട്ടവും ഇന്ന് പ്രിൻ്റ് പത്രത്തിൽ നിന്ന് ജനങ്ങളെ അകറ്റുന്നുവെന്ന് പൊതുവേ ഒരു സംസാരമുണ്ട്. അങ്ങനെയുള്ള ഈ കാലത്ത് ഒരു നാടുമുഴുവൻ ഒരു പത്രത്തിന് വേണ്ടി നാല് വർഷം കാത്തിരിക്കുന്നു എന്ന് പറഞ്ഞാലോ ?

അത് തെല്ല് ആശ്ചര്യമുളവാക്കുന്ന വാർത്ത തന്നെയാണ് ! എന്നാൽ അത്ഭുതത്തിനപ്പുറം അങ്ങനെ ഒരു യാഥാർത്ഥ്യം ഈ ലോകത്തുണ്ട്. ഇന്ത്യയിൽ അല്ലെന്നു മാത്രം .വായനക്കാരേയും കേൾവിക്കാരെയും ജിജ്ഞാസ ഉളവാക്കുന്ന ഈ കാര്യങ്ങൾ നടക്കുന്നത് ഫ്രാൻസിൽ ആണെന്ന് മാത്രം . പാരീസിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “ലാ ബ്യൂഷി സപെയർ” എന്ന ഫ്രഞ്ച് പത്രമാണ് നിരവധി പ്രത്യേകതകളുമായി വായനക്കാരെ വിസ്മയിപ്പിക്കുന്നത്.

നാലു വർഷത്തിലൊരിക്കൽ മാത്രം പുറത്തിറങ്ങുന്ന ഈ പത്രം പ്രതീക്ഷിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ആൾക്കാരാണ്. അത് മറ്റൊരു വിസ്മയം കൂടി ആകുന്നു. അതിവർഷത്തിൽ മാത്രം പ്രസിദ്ധീകരിക്കുന്ന പത്രം ഫെബ്രുവരി 29നാണ് ഫ്രാൻസിലെമ്പാടുമുള്ള ‘ന്യൂസ് സ്റ്റാൻ്റു കളിൽ ‘ പ്രത്യക്ഷപ്പെടുന്നത്.

1980ല്‍ ആരംഭിച്ച പത്രത്തിൻെറ പന്ത്രണ്ടാം പതിപ്പ് മാത്രമാണ് ഇതിനോടകം പ്രസിദ്ധീകരിച്ചത്. ഉള്ളടക്കം ആക്ഷേപഹാസ്യം ആണെങ്കിലും ലാ ബ്യൂഷി സപെയർ എന്ന പത്രം കുറഞ്ഞ സമയത്തിനുള്ളിൽ വിറ്റു തീരും. നാല് യൂറോആണെങ്കിലും 100 യൂറോ മുടക്കിയാൽ 100 വർഷത്തേക്ക് വരിക്കാരാവുകയും ചെയ്യാം എന്ന പ്രത്യേകതയുമുണ്ട് .

സുഹൃത്തുക്കളായ പൊളി ടെക്നീഷ്യൻ ജാക്വാസ് ഡി ബയ്സൺ, പത്രപ്രവർത്തകനും പഴയ പത്രങ്ങൾ ശേഖകരിക്കുന്നത് ഹോബി ആക്കുകയും ചെയ്തിരുന്ന ക്രിസ്റ്റ്യൻ ഡെയിലി എന്നീ സുഹൃത്തുക്കളും ചേർന്ന് വെറുമൊരു രസത്തിന് തുടങ്ങിയ പത്രമാണ് ഇത്.ലാ ബ്യുഷി സപെയർ എന്നതിൻ്റെ അർത്ഥം ”സപ്പറിൻ്റെ മെഴുകുതിരി” എന്നാണ്. ജോർജ് കൊളോം എന്ന ഫ്രഞ്ച് സാഹിത്യകാരൻ രചിച്ച ‘സാപ്പർ കാമെംബർ ‘ എന്ന കോമിക് സീരിയസിൽ നിന്നാണ് പത്രത്തിന് ഈ പേര് ലഭിച്ചത്.