നാറ്റോ രാജ്യങ്ങള്‍ യുക്രെയ്‌ന് പിന്തുണയുമായി സൈനികരെ അയച്ചാല്‍ ആണവായുധം പ്രയോഗിക്കും: വ്‌ളാദിമിര്‍ പുടിന്‍

നാറ്റോ രാജ്യങ്ങള്‍ യുക്രെയ്‌ന് പിന്തുണയുമായി സൈനികരെ അയച്ചാല്‍ ആണവായുധം പ്രയോഗിക്കും: വ്‌ളാദിമിര്‍ പുടിന്‍

റഷ്യയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ നാറ്റോ രാജ്യങ്ങള്‍ യുക്രെയ്ന് പിന്തുണയുമായി യുദ്ധത്തിന് സൈനികരെ അയച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പുടിന്‍ ആണവയുദ്ധത്തിന്റെ ‘യഥാര്‍ഥ’ അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയത്.യുക്രെയ്ന് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ വര്‍ധിച്ചു വരുന്നുവെന്ന കണക്കുകൂട്ടലിലാണ് പുടിന്‍ ആണാവായുധ ഭീഷണിയുമായി എത്തുന്നത്. തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ബാല്‍ക്കന്‍ രാജ്യങ്ങളുടെ പിന്തുണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും സംയുക്ത ആയുധ നിര്‍മാണം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

2006 വരെ റഷ്യക്കൊപ്പമായിരുന്നു യുക്രെയ്ന്‍. 2004 മുതല്‍ 2006 വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിന് ശേഷമാണ് മേഖലയില്‍ മാറ്റങ്ങള്‍ സംഭവിച്ച്‌ തുടങ്ങുന്നത്. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന്റെ പ്രധാന കാരണമായി പ്രത്യക്ഷാ കണക്കാക്കുന്നത് ‘നാറ്റോ’ കരാറാണ്. 1949ലാണ് നോര്‍ത്ത് അറ്റ്ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ സ്ഥാപിതമായത്. ശീതയുദ്ധ സമയത്ത് സോവിയറ്റ് യൂണിയന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയതും നാറ്റോ സഖ്യമായിരുന്നു. സോവിയറ്റ് കാലത്തെന്ന പോലെ നാറ്റോ സഖ്യം ഇപ്പോഴും റഷ്യയ്ക്ക് ഭീഷണിയാണെന്നാണ് പുടിന്‍ കരുതുന്നതെന്നാണ് വിലയിരുത്തല്‍.

ഇതുവരെ റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്‌നില്‍ കൊല്ലപ്പെട്ടത് 31,000 സൈനികരാണെന്ന് കഴിഞ്ഞ ദിവസം സെലന്‍സ്‌കി വെളിപ്പെടുത്തിയിരുന്നു. റഷ്യ – യുക്രെയ്ന്‍ യുദ്ധം മൂന്നാം ലോക യുദ്ധത്തിന്റെ വക്കിലേക്കാണോ നീങ്ങുന്നതെന്ന ആശങ്ക പല രാജ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. റഷ്യ ആക്രമണം ആരംഭിച്ചതോടെ പ്രസ്താവനാ ഇടപെടലുകളുമായി നാറ്റോ സഖ്യ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു വിട്ടു വീഴ്ചയുമില്ലാതെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് ആക്രമണം മുന്നോട്ടു കൊണ്ടുപോകുകയാണ് റഷ്യ.

മുന്‍കാലങ്ങളില്‍ റഷ്യയെ ആക്രമിക്കാന്‍ ശ്രമിച്ച ജര്‍മനിയുടെ അഡോള്‍ഫ് ഹിറ്റ്ലര്‍, ഫ്രാന്‍സിന്റെ നെപ്പോളിയന്‍ ബോണപാര്‍ട്ടെ എന്നിവരെപ്പോലുള്ളവരുടെ ഗതി പാശ്ചാത്യ നേതാക്കള്‍ ഓര്‍ക്കണമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ‘യുക്രെയ്നിലേക്ക് സൈനിക സംഘത്തെ അയയ്ക്കാനുള്ള സാധ്യതയെക്കുറിച്ച്‌ നാറ്റോ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ റഷ്യന്‍ മേഖലയിലേക്ക് സൈനിക സംഘത്തെ അയച്ചവരുടെ വിധി എന്തായിരുന്നുവെന്ന് ഓര്‍ക്കണം. ഇപ്പോള്‍ നടന്നുവരുന്ന ഇടപെടലുകളുടെ അനന്തരഫലങ്ങള്‍ കൂടുതല്‍ ദാരുണമായിരിക്കും,’ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പുടിന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം യുഎസുമായുള്ള ‘സ്റ്റാര്‍ട്ട്’ (എസ്ടിഎആര്‍ടി) ആയുധ നിയന്ത്രണ ഉടമ്ബടിയില്‍ നിന്ന് പുടിന്‍ മോസ്‌കോയെ പിന്‍വലിച്ചിരുന്നു, ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് നടത്തിയ പ്രസ്താവനകളൊന്നും വെറുതെയല്ലെന്നും പുടിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.