ബംഗ്ലാദേശിലെ റസ്റ്റോറന്റിൽ തീപിടിത്തം; 43 പേർ മരിച്ചു

ബംഗ്ലാദേശിലെ റസ്റ്റോറന്റിൽ തീപിടിത്തം; 43 പേർ മരിച്ചു

ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഡെയിലി റോഡിലെ റസ്റ്റോറന്റിൽ രാത്രിയുണ്ടായത് തീപിടുത്തത്തിൽ 43 പേർ വെന്തു മരിച്ചു. 12 പേർക്ക് അതീവ ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെ ഏഴ് നില കെട്ടിടത്തിലാണ് തീ പിടിച്ചത്. 75 പേരെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ സാമന്ത ലാൽസെൻ ആണ് മാധ്യമങ്ങളോട് മരണ വിവരം സ്ഥിരീകരിച്ചത് . ധാക്കയിലെ ബെയ്‌ലി റോഡിലെ പ്രശസ്തമായ ബിരിയാണി റെസ്റ്റോറൻ്റിലാണ് തീപിടുത്തമുണ്ടായതെന്നും പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പടരുകയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയുമായിരുന്നുവെന്ന് ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് വ്യക്തമാക്കി.

അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.31 പേർ ഡിഎംസിഎച്ചിലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് സർജറി ഹോസ്പിറ്റലിലും വച്ചാണ് മരിച്ചത്.14 പേർ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.13 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത് . തീപിടുത്തത്തിൻെറ കാരണം വ്യക്തമായിട്ടില്ല.

പ്രധാനമായും റസ്റ്റോറന്‍റുകളും നിരവധി വസ്ത്രശാലകളും മൊബൈല്‍ ഫോണ്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്ന ഇടമാണ് ബെയ്‌ലി റോഡിലെ തീപിടിത്തമുണ്ടായ കെട്ടിടം. “ഞങ്ങൾ ആറാം നിലയിലായിരുന്നു ആദ്യം ഗോവണിപ്പടിയിലൂടെ പുകവരുന്നത് കണ്ടത്. ധാരാളം ആളുകൾ മുകളിലേക്ക് ഓടിയെത്തി. ഞങ്ങൾ കെട്ടിടത്തിലേക്ക് കയറാൻ വാട്ടർ പൈപ്പ് ഉപയോഗിച്ചു. ചിലർക്ക് മുകളിൽ നിന്ന് ചാടിയതിനാൽ പരിക്കേറ്റു,” റെസ്റ്റോറൻ്റ് മാനേജർ സോഹെല്‍ പറഞ്ഞു.

സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനാൽ അപ്പാർട്ട്‌മെൻ്റ് കെട്ടിടങ്ങളിലും ഫാക്ടറി സമുച്ചയങ്ങളിലും തീപിടിത്തങ്ങൾ ബംഗ്ലാദേശിൽ സാധാരണമാണ്. 2021 ജൂലൈയിൽ ഭക്ഷ്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കുട്ടികളടക്കം 52 പേർ കൊല്ലപ്പെട്ടിരുന്നു. 2019 ഫെബ്രുവരിയില്‍ ധാക്കയിലുണ്ടായ തീപിടിത്തത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്.