പത്ത് ലക്ഷം ആളുകളുമായി ചൊവ്വയിലേക്ക് പോകാനൊരുങ്ങി ഇലോണ്‍ മസ്ക്; ലക്ഷ്യം ചൊവ്വയില്‍ മനുഷ്യകോളനി നിര്‍മ്മിക്കുക

പത്ത് ലക്ഷം ആളുകളുമായി ചൊവ്വയിലേക്ക് പോകാനൊരുങ്ങി ഇലോണ്‍ മസ്ക്; ലക്ഷ്യം ചൊവ്വയില്‍ മനുഷ്യകോളനി നിര്‍മ്മിക്കുക

വിവാദങ്ങളായ തീരുമാനങ്ങള്‍കൊണ്ട് എന്നും വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശതകോടീശ്വരൻ ആണ് ടെസ്ല സിഇഒ ഇലോണ്‍ മസ്ക്.

നേരത്തെ മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഏറ്റെടുത്തതടക്കം നിരവധി ആവേശകരമായ തീരുമാനങ്ങളാണ് മസ്ക് അടുത്ത കാലത്ത് സ്വീകരിച്ചിരിക്കുന്നത്. ട്വിറ്ററിനെ ഏറ്റെടുത്തതിന് ശേഷം വൻ മാറ്റങ്ങളാണ് പ്ലാറ്റ്ഫോമില്‍ ഉണ്ടാക്കിയത്.

എക്സ് എന്ന പേരില്‍ ട്വിറ്ററിനെ റീബ്രാൻഡ് ചെയ്യുകയും പുതിയതായി നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാനും മസ്ക് ശ്രമിച്ചിരുന്നു. ഇതിന് പുറമെ താൻ സ്പെയ്സില്‍ സ്ഥലം വാങ്ങുമെന്നും ഭാവിയില്‍ ഇവിടെ താമസിക്കാൻ പദ്ധതിയിടുന്നതായും മസ്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ ഇതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുമായി രംഗത്ത് വന്നിരിക്കുകയാണ് മസ്ക്. ചൊവ്വയില്‍ മനുഷ്യ സമൂഹം ആരംഭിക്കാൻ തയ്യാറാകുകയാണ് എന്നാണ് പുതിയ ട്വീറ്റില്‍ മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ഏതാനാം വർഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പദ്ധതി നടപ്പിലാക്കും എന്നും മസ്ക് തന്റെ ട്വീറ്റില്‍ പറയുന്നു. ഏകദേശം പത്ത് ലക്ഷത്തോളം ആളുകളെ ഇതിനായി ചൊവ്വയിലേക്ക് കൊണ്ടുപോകാൻ ആണ് മസ്ക് പദ്ധതിയിട്ടിരിക്കുന്നത്. ഞായറാഴ്ച ആയിരുന്നു ഈ പുതിയ ട്വീറ്റ് മസ്ക് പുറത്ത് വിട്ടത്. ടെസ്ല്യ്ക്ക് പുറമെ ബഹിരാകാശ വാഹന നിർമ്മാക്കളായ സ്പെയ്സ് എക്സ് എന്ന കമ്ബനിയുടെ തലവൻ കൂടിയാണ് ഇലോണ്‍ മസ്ക്. 2002ല്‍ ആയിരുന്നു മസ്ക് ഈ കമ്ബനി സ്ഥാപിച്ചത്.

ബഹിരാകാശ ഗതാഗത ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു മസ്ക് സ്പെയ്സ് എക്സ് സ്ഥാപിച്ചത്. നിലവില്‍ ഫാല്‍ക്കണ്‍ 9, ഫാല്‍ക്കണ്‍ ഹെവി റോക്കറ്റുകള്‍ എന്നിവയ്‌ക്കൊപ്പം ഡ്രാഗണ്‍, സ്റ്റാർഷിപ്പ് ബഹിരാകാശ പേടകങ്ങള്‍ എന്നിവ സ്പെയ്സ് എക്സിന്റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്പെയ്സ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ കഴിവുകള്‍ വിശദീകരിച്ച്‌ എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിന്റെ റിപ്ലെ എന്ന പോലെയാണ് മസ്ക് തന്റെ പുതിയ ലക്ഷ്യം പങ്കുവെച്ചത്. ഇത് ആദ്യമായല്ല മസ്ക് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഇതിന് മുമ്ബും സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ പത്ത് ലക്ഷത്തോളം ആളുകളുമായി ചൊവ്വയില്‍ മനുഷ്യ കോളനി നിർമ്മിക്കാനുള്ള ദൗത്യത്തിനായി സ്പെയ്സ് എക്സ് തീവ്രമായി പരിശ്രമിക്കും എന്നാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളില്‍ ഇത് യാഥാർത്ഥ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇത് വളരെ ശ്രമകരമായ ഒരു ദൗത്യം ആണെന്ന് മസ്ക് തന്നെ സമ്മിതിക്കുന്നുണ്ട്. ഇതിനായി കഠാനാധ്വാനം ചെയ്താല്‍ മാത്രമെ ലക്ഷ്യത്തില്‍ എത്തിച്ചേരാൻ സാധിക്കു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതിനിടെ സ്പെയ്സ് എക്സിന്റെ സ്റ്റാർഷിപ്പ് 5 വർഷത്തിനുള്ളില്‍ ചന്ദ്രനിലെത്തുമെന്ന് മക്സ് പ്രവചിച്ചു. ബഹിരാകാശ യാത്രക്കിടെ ഇവിടെ 50 വർഷം വരെ തങ്ങാൻ സഹായിക്കുന്ന സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂളിനെക്കുറിച്ചും മസ്ക് നേരത്തെ വിശദീകരിച്ചിട്ടുണ്ട്.

അതേ സമയം താൻ ഉപയോഗിക്കുന്ന ഫോണ്‍ നമ്ബറുകള്‍ ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം മസ്ക് നടത്തിയിരുന്നു. ഇനി മുതല്‍ ഓഡിയോ വീഡിയോ കോളുകള്‍ക്കും ടെക്‌സ്റ്റ് സന്ദേശങ്ങള്‍ക്കുമായി എക്‌സ് മാത്രമേ ഉപയോഗിക്കു എന്നായിരുന്നു മസ്കിന്റെ പ്രഖ്യാപനം. വെള്ളിയാഴ്ച പുറത്തിറക്കിയ ട്വീറ്റിലൂടെ ആയിരുന്നു മസ്ക് ഇക്കാര്യം പുറത്ത് വിട്ടത്. എക്സില്‍ ഈ ഫീച്ചറുകള്‍ ഉപയോഗിക്കാനായി ഫോണ്‍ നമ്ബർ വേണ്ട എന്നതും എക്സിന്റെ പ്രത്യേകതയാണ്.

എക്‌സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള മസ്‌കിന്റെ നീക്കമാണ് ഇത് എന്നും ചില റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 2023 ഒക്ടോബർ മാസത്തില്‍ ആയിരുന്നു എക്സ് ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകള്‍ പുറത്തിറക്കിയത്. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആപ്പാക്കി എക്സിനെ മാറ്റാനാണ് മസ്ക് നിലവില്‍ ശ്രമിക്കുന്നത്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മോണിറ്റൈസേഷൻ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ആണ് മസ്ക് എക്സില്‍ നടപ്പിലാക്കിയത്.