വീണ വിജയനെ തത്കാലം അറസ്റ്റു ചെയ്യരുതെന്ന് കര്‍ണാടക ഹൈക്കോടതി

വീണ വിജയനെ തത്കാലം അറസ്റ്റു ചെയ്യരുതെന്ന് കര്‍ണാടക ഹൈക്കോടതി

◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ തത്കാലം അറസ്റ്റു ചെയ്യരുതെന്ന് കര്‍ണാടക ഹൈക്കോടതി. എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വീണാ വിജയന്‍ നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി. അറസ്റ്റു ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് എസ്എഫ്ഐഒയോട് കോടതി ചോദിച്ചു. രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക് സമയം നീട്ടി ചോദിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. വിധി പ്രസ്താവിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നു നിര്‍ദേശിച്ച കോടതി എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്സാലോജികിനോടും നിര്‍ദേശിച്ചു.

◾തൃപ്പൂണിത്തുറ പുതിയകാവിലെ പടക്ക സ്ഫോടനത്തില്‍ മരണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന ദിവാകരന്‍ (55) കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഇന്നലെ രാവിലെത്തന്നെ മരിച്ചിരുന്നു. പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 12 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയിലും നാലു പേരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തില്‍ സമീപത്തെ പുതുതായി നിര്‍മിച്ച വീട് അടക്കം 45 വീടുകള്‍ക്കു കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായിരുന്നു.

◾തൃപ്പുണിത്തുറ പടക്ക സ്ഫോടന കേസില്‍ ദേവസ്വം പ്രസിഡന്റും സെക്രട്ടറിയും അടക്കം നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍ എന്നിവരും ജോയിന്‍ സെക്രട്ടറിയുമാണ് അറസ്റ്റിലായത്. പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

◾സംസ്ഥാനത്ത് ഇന്നു കടകള്‍ തുറക്കില്ല. സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണു സമരം. കടുത്ത നിയമങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ഭീമമായ പിഴയുംമൂലം വ്യാപാര സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവാത്ത അവസ്ഥയാണെന്നു വ്യാപാരി നേതാക്കള്‍ ആരോപിച്ചു.

◾ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ച്. ഡല്‍ഹിയിലേക്ക് ഇന്നു രാവിലെ പത്തിനു മാര്‍ച്ചു ചെയ്യുമെന്നു കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് തടയാന്‍ പോലീസ് റോഡില്‍ ബാരിക്കേഡുകളും മുള്ളുവേലികളും ജലപീരങ്കികളും സജ്ജമാക്കിയിട്ടുണ്ട്. ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത. ഏഴു ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. താങ്ങുവില വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരുന്നൂറോളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു മാര്‍ച്ച്. ഇന്നലെ വൈകുന്നേരം കേന്ദ്രമന്ത്രിമാരും കര്‍ഷക നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

◾ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്‌ന’യെ മയക്കുവെടിവച്ച് പിടികൂടാനാകാതെ ദൗത്യം സംഘം. ആന കര്‍ണാടക അതിര്‍ത്തിയിലെ കുറ്റിക്കാട്ടിലാണ്. ആനയെ പിടികൂടാനുള്ള ദൗത്യസേനയെ ഇരുന്നൂറ് അംഗ സേനയായി വികസിപ്പിച്ചു. ദൗത്യ സംഘം പത്ത് ടീമായി പിരിഞ്ഞ് കാട്ടാന എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി. ആനയെ പിടികൂടിയാല്‍ പാര്‍പ്പിക്കാന്‍ മുത്തങ്ങയില്‍ യൂക്കാലിത്തടികൊണ്ട് കൂടു സജ്ജമാക്കിയിട്ടുണ്ട്.

◾ലോക്സഭാ തെരഞ്ഞെടുപ്പിനു കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

◾മസാലബോണ്ട് കേസില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. നാളെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. താന്‍ കിഫ്ബി വൈസ് ചെയര്‍മാന്‍ മാത്രമെന്നും തന്നെ എന്തിനു ചോദ്യം ചെയ്യണമെന്നും തോമസ് ഐസക്ക് ചോദിച്ചു.

◾തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്താനായാണ് നടപടി.

◾തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ വെടിക്കെട്ടിനു പടക്കം തയാറാക്കിയ കരാറുകാരന്റെ ഗോഡൗണില്‍നിന്നു കഞ്ചാവ് കണ്ടെടുത്തു. പോലീസ് തിരുവനന്തപുരം സ്വദേശിയുടെ പോത്തന്‍കോട് ശാസ്തവട്ടം മടവൂര്‍പാറയിലെ ഗോഡൗണില്‍ റെയ്ഡ് നടത്തിയപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ഗോഡൗണിനു സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തില്‍ വലിയ ഗുണ്ടുകളും കണ്ടെത്തി.

◾വയനാട്ടില്‍ കാട്ടാനയുടെ അക്രമത്തില്‍ അജീഷ് കൊല്ലപ്പെട്ടതില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷം. ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സര്‍ക്കാരാണ് ഉത്തരവാദി എന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ആനയെ ആദ്യം കണ്ടെത്തുന്നതില്‍ ചില സങ്കേതികമായ തടസങ്ങളുണ്ടായെന്നും വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമങ്ങളുണ്ടായെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ ആരോപിച്ചു.

◾ഈ ഗതി ഇനി ആര്‍ക്കും വരരുതേയെന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ അല്‍ന. അജീഷിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനോടാണ് വൈകാരികമായി പ്രതികരിച്ചത്. ‘ഞാന്‍ കരഞ്ഞതുപോലെ വേറൊരു കൊച്ചും ഇനി കരയാന്‍ പാടില്ല. വയനാട്ടില്‍ ധാരാളം ആളുകള്‍ കടുവയുടെയും ആനയുടേയും ആക്രമണത്തില്‍ മരിക്കുന്നുണ്ട്. ഇതുവരെ അതിനൊരു പരിഹാരമുണ്ടാക്കിയിട്ടില്ല.’ കണ്ണീരോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അല്‍ന പറഞ്ഞു.

◾മലപ്പുറം നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയിലെ ഏഴു ടണ്ണോളം മാതളനാരങ്ങ നാട്ടുകാരും വഴിയാത്രക്കാരും മോഷ്ടിച്ചു. ഇന്ധന ടാങ്കിലെ ഡീസല്‍പോലും ഊറ്റിയെടുത്തു. ആന്ധ്രപ്രദേശില്‍നിന്ന് പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്ന ലോറി റോഡിന്റെ സുരക്ഷാ മതിലില്‍ ഇടിച്ച് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിരുന്നു. മൈസൂരു സ്വദേശികളായ ഇവര്‍ ആശുപത്രിയിലേക്കു പോയപ്പോഴാണ് ലോറിയിലെ സാധനങ്ങള്‍ കൊള്ളയടിച്ചത്.

◾സംസ്ഥാനത്തെ എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ 180 ദിവസത്തിനു മുകളിലുള്ള എല്ലാ അവധി അപേക്ഷയിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നു സുപ്രീംകോടതി. ശൂന്യവേതന അവധിയടക്കമുള്ളവയ്ക്ക് ഇതു ബാധകമാണ്. എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് ഈക്കാര്യത്തില്‍ അധികാരമില്ലെന്നും അവധി അപേക്ഷ സര്‍ക്കാരിനു കൈമാറണമെന്നും കോടതി.

◾ലൊക്കേഷന്‍ സ്‌കെച്ചിന് 500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലന്‍സിന്റെ പിടിയിലായത്.

◾മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണം പൊലീസില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ അജയ് ജ്യുവല്‍ കുര്യാക്കോസും എ ഡി തോമസും മുഖ്യമന്ത്രിക്കു പരാതി നല്‍കി. കോടതി ഇടപെട്ടിട്ടും കേസന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നാണ് പരാതി. പ്രതികളായ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പരാതിയില്‍ പറയുന്നു.

◾സ്വാശ്രയ കോളജിനെതിരേ സമരം ചെയ്തവരോടുള്ള വഞ്ചനയാണ് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരാനുള്ള നീക്കമെന്ന് കെ.കെ രമ നിയമസഭയില്‍. അന്ന് പരിക്കേറ്റവര്‍ ഇന്നു സഭയിലെത്തിയാല്‍ സിപിഎം നേതാക്കളെ നോക്കി കുലംകുത്തികളെന്ന് വിളിക്കുമെന്നും കെ.കെ രമ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലിരിക്കേയാണ് ഇങ്ങനെ പ്രസംഗിച്ചത്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴണ് പിണറായി വിജയന്‍ വിവാദ കുലംകുത്തി പ്രയോഗം നടത്തിയത്.

◾പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചിരുന്ന കണ്ണൂര്‍ സ്വദേശി ജാഫര്‍ ഭീമന്റവിടയെ കണ്ണൂരിലെ വീട്ടില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലകനായിരുന്നെന്ന് എന്‍ഐഎ പറയുന്നു. 2047 ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന ആരോപണം.

◾കൊച്ചി കത്രിക്കടവ് ഇടശേരി ബാറിനു മുന്നിലുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ പിടിയില്‍. ഷമീര്‍, ദില്‍ഷന്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയില്‍ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്.

◾തൃശൂര്‍ പെരിഞ്ചേരിയില്‍ ചുവരെഴുത്തിനെച്ചൊല്ലി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്തു. സമരാഗ്നി യാത്രയുടെ പ്രചരണത്തിനു ചുവരെഴുത്തു നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

◾തിരുവനന്തപുരം ആറ്റിങ്ങല്‍ വാമനപുരം കൊല്ലമ്പുഴ ആറാട്ടുകടവില്‍ ചൂണ്ടയിടാന്‍ പോയ സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു. വട്ടവിള സതീഷ് (38), ചെറുവത്തിയോട് സെമീര്‍ (36) എന്നിവരാണു മരിച്ചത്.

◾പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖില്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ 12 പേര്‍ പിടിയിലായി. നേരത്തെ, കേസില്‍ ഡിവൈഎഫ് ഐ നേതാവ് ജോയല്‍ തോമസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇനിയും ആറുപേരെകൂടി പിടികൂടാനുണ്ട്.

◾കണ്ണൂര്‍ മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജില്‍ റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതിന് ആറ് സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു കോളേജ് അധികൃതര്‍ നടപടിയെടുത്തത്.

◾ബീച്ചുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ഇസാഫ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ‘ബീച്ച് ഫോര്‍ ഓള്‍’ ബോധല്‍ക്കരണ പ്രചാരണത്തിന് രാജ്യാന്തര പുരസ്‌കാരം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ അക്കാഡമി ഓഫ് ഡിജിറ്റല്‍ ആര്‍ട്‌സ് ആന്റ് സയന്‍സസ് ഏര്‍പ്പെടുത്തിയ ആന്തം അവാര്‍ഡ് ഇസാഫിനു വേണ്ടി ബിജില ജോര്‍ജ് സ്വീകരിച്ചു.

◾ഷൊര്‍ണൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍നിന്ന് അഞ്ചു കിലോ കഞ്ചാവ് കണ്ടെത്തി. അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ബാഗില്‍ ആയിരുന്നു കഞ്ചാവ്.

◾ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി. 129 പേര്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ പിന്തുണച്ചു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയശേഷമാണ് വിശ്വാസ പ്രമേയ വോട്ടെടുപ്പിനു നടപടികള്‍ ആരംഭിച്ചത്.

◾എട്ടു മാസമായി ചെന്നൈ ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി ഒടുവില്‍ രാജിവച്ചു. ജോലിക്ക് കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത സെന്തില്‍ ബാലാജി ഇന്നലെ രാത്രിയോടെയാണു രാജിവച്ചത്.

◾ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി. പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്.സിയോടാണ് കേരളത്തിന്റെ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്.

◾പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ മത്സരത്തില്‍ ചൈനയുടെ പാന്‍ ചാന്‍ലിക്ക് ലോക റെക്കോഡ്. ഖത്തറിലെ ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് 46.80 സെക്കന്‍ഡുകള്‍ക്കൊണ്ട് നീറു മീറ്റര്‍ നീന്തിക്കടന്നത്. പത്തൊന്‍പതുകാരന്‍ പുതിയ വേഗം കുറിച്ചത്. 46.86 ആയിരുന്നു ഇതുവരെയുള്ള മികച്ച സമയം.