തമിഴ്നാട് നിയമസഭയിൽ ഗവർണർക്ക് നയ പ്രഖ്യാപന പ്രസംഗം വായിക്കാൻ മടി; ഒടുവിൽ സ്പീക്കർ വായിച്ചു

തമിഴ്നാട് നിയമസഭയിൽ ഗവർണർക്ക് നയ പ്രഖ്യാപന പ്രസംഗം വായിക്കാൻ മടി; ഒടുവിൽ സ്പീക്കർ വായിച്ചു

ചെന്നൈ : നിയമസഭാ സമ്മേളനത്തിന്റെ ആരംഭത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി.

സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ വസ്തുതാപരവും ധാർമികവുമായ ഒരുപാട് തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ നയപ്രഖ്യാപനം നടത്താതിരുന്നത്.

ഇതേ തുടർന്ന് ഗവർണറെ സഭയിലിരുത്തി സ്പീക്കർ പ്രസംഗം വായിച്ചു. വസ്തുതാപരമായ പിഴവുകളുള്ള പ്രസംഗം താൻ വായിച്ചാൽ അത് ഭരണഘടനയെ അപഹസിക്കുന്നതിന് തുല്യമായിരിക്കും. അതിനാൽ സഭയോടുള്ള എല്ലാ ബഹുമാനത്തോടും താൻ അഭിസംബോധന അവസാനിപ്പിക്കുന്നുവെന്നും ദേശീയ ഗാനത്തോട് ആദരവ് കാണിക്കാനും പ്രസംഗത്തിനു മുമ്പും ശേഷവും ആലപിക്കാനുള്ള തന്റെ ആവശ്യം സർക്കാർ അവഗണിച്ചുവെന്നും ആർ.എൻ രവി ആരോപിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിൻെറ ആദ്യഭാഗത്ത് ഉണ്ടായിരുന്ന തിരുവള്ളുവരുടെ വരികൾ വായിച്ച ശേഷമാണ് ബാക്കി ഭാഗം വായിക്കാൻ ഗവർണർ തയ്യാറാകാതിരുന്നത്.

ഗവർണർ പ്രസംഗം വായിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ സംസാരിച്ച സ്പീക്കർ അപ്പാവു കേന്ദ്രത്തെ വിമർശിച്ചു. സവർക്കറുടെയും ഗോഡ്സെയുടെയും പാതയിൽ സഞ്ചരിക്കുന്നവരേക്കാൾ താഴെയല്ല തമിഴ്നാട് അസംബ്ലി. ഗവർണറെ ഇടതുവശത്ത് ഇരുത്തിക്കൊണ്ട് സ്പീക്കർ അപ്പാവു പറഞ്ഞു.

തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള സ്വരച്ഛേർച്ചയില്ലായ്മ നേരത്തെ തന്നെ തുടങ്ങിയതാണ്. സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.