കുമ്പനാട് കൺവൻഷനിൽ സി.പി.എം-ബി.ജെ.പി ‘തമ്മിലടി’; വി.ഡി സതീശൻ്റെ സുവിശേഷ പ്രസംഗം

കുമ്പനാട് കൺവൻഷനിൽ സി.പി.എം-ബി.ജെ.പി ‘തമ്മിലടി’; വി.ഡി സതീശൻ്റെ സുവിശേഷ പ്രസംഗം

ജനുവരിയിൽ കുമ്പനാട് നടന്ന ഐപിസി വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരെയോ ‘ആട്ടിൻതോലിട്ട ചെന്നായ്ക്കൾ’ എന്ന് സംബോധന ചെയ്തു.

എഴുതി തയ്യാറാക്കിയ പ്രസംഗം നിർത്തി നിർത്തി സാവധാനം വായിച്ചു തീർക്കുകയായിരുന്നു. 30 മിനിറ്റ് എടുത്തു വായിച്ചു തീർക്കാൻ എന്നാണറിവ്. മുഖ്യൻ്റെ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ എന്ന പ്രയോഗം ബി.ജെ.പിക്കിട്ട് കൊടുത്ത പണിയാണെന്നവർ ധരിച്ചു.

തൊട്ടടുത്ത ദിവസം വന്ന ഗോവ ഗവർണ്ണർ ശ്രീധരൻ പിള്ള ഇതിനു മറുപടിയുമായി എത്തിയപ്പോൾ കൺവൻഷൻ വൻ ‘ഉണർവ്വിലേക്ക് ‘ മാറി. മാന്യനായ പ്രതിപക്ഷ നേതാവ് ക്രിസ്തുവിനെക്കുറിച്ച് പതിവ് ശൈലിയിൽ പ്രസംഗിച്ചു മടങ്ങി.

ഇപ്പോൾ ഇതാ പി.എസ് ശ്രീധരൻ പിള്ള ഫെയ്സ് ബുക്കിലൂടെ പിന്നെയും മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ശ്രീധരൻപിള്ള മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.

ആത്മീയ വേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള വേദി അല്ലെന്ന് ഗോവ ഗവർണർ ഓർമിപ്പിക്കുന്നു. ഭാരതത്തിൻ്റെ ആദരണീയരായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, എന്നിവരെയും ഞാൻ ഉൾപ്പെടെയുള്ള ഗവർണർമാരെയും ആണ് ചെന്നായ്ക്കൾ എന്ന പദപ്രയോഗത്തിലൂടെ അങ്ങ് വിവക്ഷിച്ചതെന്നും വ്യക്തമാക്കി പി എസ് ശ്രീധരൻപിള്ള തുറന്നു എഴുതുന്നു.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ അറിവിലേക്ക് എന്ന അഭിസംബോധനയോടു കൂടിയാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ ഫേസ്ബുക്ക് പേജിന്റെ പൂർണ്ണരൂപം.

ബഹു. കേരളമുഖ്യമന്ത്രിയുടെ അറിവിലേക്ക്,

കഴിഞ്ഞ മാസം മധ്യത്തിൽ കുമ്പനാട് നടന്ന ഐ.പി.സി നൂറാം വാർഷിക സമ്മേളനത്തിൽ, അങ്ങ് എഴുതി തയ്യാറാക്കി അവതരിപ്പിച്ച പ്രസംഗത്തിൽ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ നിങ്ങളെ വേട്ടയാടാൻ വരുന്നുവെന്നും കരുതിയിരിക്കണമെന്നും പ്രസ്താവിച്ചിരുന്നു.

ഭാരതത്തിന്റെ ആദരണീയരായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെയും ഞാനുൾപ്പെടെയുള്ള ഗവർണർമാരടക്കമുള്ളവരെയുമാണ് ചെന്നായ്ക്കൾ എന്ന പദ പ്രയോഗത്തിലൂടെ അങ്ങ് വിവക്ഷിച്ചതെന്ന് വ്യക്തമാവുന്നു.

മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾ ഒരാത്മീയ വേദിയിൽ ഇത്തരമൊരു പ്രയോഗം നടത്തിയത് ഒട്ടും ഉചിതമായില്ലെന്ന് പലരും എന്നോട് അഭിപ്രായപ്പെടുകയുണ്ടായി. പിറ്റേ ദിവസത്തെ എന്റെ അവിടത്തെ പ്രസംഗത്തിന് മുൻപ് ഭാരതത്തിന്റെ ആദരണീയനായ പ്രധാനമന്ത്രിക്കും ഭാരത ഭരണകൂടത്തിനും വേണ്ടി പ്രത്യേകപ്രാർത്ഥന നടത്തിയത് താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കരുതുന്നു.

ഇതിന് ശേഷം കേരളത്തിലെ എല്ലാ ക്രിസ്ത്യൻ വിശ്വാസ സഭകളും അവരുടെ പ്രധാന സമ്മേളനങ്ങൾ സംഘടിപ്പിച്ചപ്പോൾ എന്നെ സ്നേഹപുരസ്സരം മുഖ്യാതിഥിയായും ഉദ്ഘാടകനായും ക്ഷണിച്ചു എന്നുള്ളതും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാഗ്രഹിക്കുന്നു.

സ്നേഹവും വിശ്വാസവും ഹൃദയപരമായ അടുപ്പവും ഉള്ളതുകൊണ്ടാണ് താഴെ പറയുന്ന വിശ്വാസി സംഘടനകൾ എനിക്ക് ഈ അംഗീകാരം നൽകിയതെന്ന് ഞാൻ വിനയപൂർവം കരുതുന്നു.

  1. ഓര്‍ത്തഡോക്‌സ് സഭയുടെ ഉള്ളന്നൂര്‍ പള്ളി 125ാം വാര്‍ഷികം. (പരമ വന്ദ്യനായ പരുമല തിരുമേനി സ്ഥാപിച്ചത്.)
  2. ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ (സുല്‍ത്താന്‍ ബത്തേരി )
  3. കാഞ്ഞിരപ്പള്ളി രൂപതാ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി.
  4. മാര്‍ത്തോമ പാരിഷ്, കണ്ണംകോട് 130 -ാമത് വാര്‍ഷികാഘോഷം
  5. കണ്ണൂര്‍ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ പരിപാടി
  6. കോട്ടയം ദീപിക 137-ാ മത് വാര്‍ഷികാഘോഷം
  7. പാലാ രൂപതയുടെ മെഡിസിറ്റ് ബ്ലോക്ക് ഉല്‍ഘാടനം
  8. മാര്‍ത്തോമ മെത്രാപ്പൊലീത്ത 75-ാ മത് ജന്മദിനാഘോഷം വിസ്താരഭയത്താല്‍ ഇവിടെ ഇത്രമാത്രം.

ഞാൻ മറ്റ് നിരവധി പരിപാടികളിലും പങ്കെടുക്കുകയുമുണ്ടി.

ഇങ്ങനെ എല്ലാവരും ഒരേ സ്വരത്തിൽ എന്റെ പേര് പരിഗണിച്ചത് എനിക്ക് കൈവന്ന വ്യക്തിപരമായ അംഗീകാരമെന്നതിനേക്കാൾ ഞാൻ പ്രതിനിധാനം ചെയ്യുന്ന സർവധർമ സമഭാവന എന്ന മഹത്തായ ആശയത്തിനാണ് അവകാശപ്പെട്ടതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഞങ്ങളുടെ ആശയത്തെ എതിർക്കാനും വിമർശിക്കാനും ഏവർക്കും അവകാശമുണ്ടല്ലോ. അതാണല്ലോ ജനാധിപത്യത്തിന്റെ നട്ടെല്ല്. എന്നാൽ, എതിരാളികളെ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന് അപഹസിച്ച് വിളിച്ചത് ഒട്ടും ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാൻ. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല.

എല്ലാ ന്യൂനപക്ഷ സംഘനകളും പ്രസ്ഥാനങ്ങളും ഈ വിനീതനെ സ്നേഹബുദ്ധ്യാ അവരുടെ പരിപാടികൾക്ക് ക്ഷണിക്കുന്നതും പങ്കെടുപ്പിക്കുന്നതും അവർക്ക് എന്നിലും എന്റെ ആശയധാരയിലുമുള്ള വിശ്വാസവും സ്നേഹവും കൊണ്ടാണ് എന്ന വസ്തുത ഉൾക്കൊള്ളാൻ ഇനിയെങ്കിലും താങ്കൾ മടി കാണിക്കരുത്. വീണ്ടും അങ്ങ്, പുത്തൻ കുരിശിലെ സമ്മേളനത്തിൽ ഇതേ ചെന്നായ പ്രയോഗം നടത്തുകയും അതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മറ്റൊരു ക്രൈസ്തവ സഭ പത്രസമ്മേളനം നടത്തി പ്രതിഷേധിക്കുകയും ചെയ്തതു കണ്ടപ്പോഴാണ് ഇത്തരമൊരു കത്തെഴുതാൻ ഞാൻ നിർബന്ധിതനായത്.

കേരളത്തിന്റെ ബഹു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അങ്ങ് എല്ലാവരേയും തുല്യമായി പരിഗണിക്കുകയും എല്ലാവർക്കും നീതി നൽകുകയും ചെയ്യേണ്ട ആളാണ്. ഇത്തരം പദപ്രയോഗങ്ങളും കുപ്രചരണങ്ങളും ഇനിയെങ്കിലും നടത്താതിരിക്കാൻ സർവ്വശക്തനായ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.