വയനാട് ജില്ലയില്‍ ചൊവ്വാഴ്ച കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍

വയനാട് ജില്ലയില്‍ ചൊവ്വാഴ്ച കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍

സുൽത്താൻ ബത്തേരി: ഈ മാസം 13 ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കർഷക സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം കര്‍ഷകന്‍ അജീഷിനെയും ആന കുത്തികൊന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍.

ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.

വയനാട്ടില്‍ കര്‍ഷക സംഘടനകള്‍ കഴിഞ്ഞ നാല് വര്‍ഷക്കാലമായി വയനാട്ടില്‍ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകള്‍ ആരോപിച്ചു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
ഇന്നലെ കൊല്ലപ്പെട്ട അജീഷിന്റെ മൃതശരീരം പടുമല സെൻറ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മൂന്നുമണിയോടുകൂടിയാണ് മൃതദേഹം വീട്ടിൽ നിന്ന് വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോയത്.

അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്ന മാനന്തവാടി രൂപ സാമൂഹ്യ സേവന ഭാഗം അറിയിച്ചു. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസർച്ചും ചേർന്നാണ് സാമ്പത്തിക സഹായം നൽകുന്നുത്. അജീഷിൻ്റെ രണ്ടു കുട്ടികളുടെ പേരിൽ 5 ലക്ഷം രൂപ വീതം മാനന്തവാടിയിലെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടും. ശനിയാഴ്ച രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പടമല പനച്ചിയിൽ അജീഷ് കൊല്ലപ്പെട്ടത്.