സ്കൂളുകളിൽ ക്രിസ്തുവിൻെറ ചിത്രങ്ങളും കുരിശുകളും നീക്കം ചെയ്യണം; അച്ഛന്മാരും കന്യാസ്ത്രീകളും സഭാ വസ്ത്രം ധരിക്കരുത്: തീവ്ര ഹിന്ദുത്വ സംഘടന

സ്കൂളുകളിൽ ക്രിസ്തുവിൻെറ ചിത്രങ്ങളും കുരിശുകളും നീക്കം ചെയ്യണം; അച്ഛന്മാരും കന്യാസ്ത്രീകളും സഭാ വസ്ത്രം ധരിക്കരുത്: തീവ്ര ഹിന്ദുത്വ സംഘടന

ഗുഹാവത്തി : ആസാമിലെ ക്രിസ്ത്യൻ സ്കൂളുകളിൽ നിന്നും യേശുക്രിസ്തുവിന്റെയും മാതാവിൻെറയും ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ക്രിസ്ത്യൻ മിഷണറിമാരോട് തീവ്ര ഹിന്ദു സംഘടന ആവശ്യപ്പെട്ടു.

സ്കൂളുകളിൽ ഒരു വിദ്യാർത്ഥിക്ക് ജയ് ശ്രീറാം എന്ന് വിളിക്കാൻ കഴിയില്ലെന്നും പിന്നെ എന്തിനാണ് മാതാവിന്റെയും ക്രിസ്തുവിന്റെയും ചിത്രങ്ങൾ വെച്ച് പ്രകീർത്തിക്കുന്നതെന്നും യുവമോർച്ച സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനയുടെ ഭീഷണി.

ഹിന്ദു വിദ്യാർഥികൾ അടക്കം പഠിക്കുന്ന സ്കൂളുകളിൽ നടത്തിവരുന്ന ക്രിസ്ത്യൻ പ്രാർത്ഥനകൾ ഉടൻ നിർത്തലാക്കണമെന്നും സ്കൂളുകളിൽ ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും സഭാവസ്ത്രം ധരിക്കരുതെന്നും ഇവർ സാധാരണ വേഷം മാത്രമാണ് ഉപയോഗിക്കാൻ പാടുള്ളൂ എന്നും നേതാവിൻെറ തിട്ടൂരം. കുടുംബ സുരക്ഷ പരിഷത്ത് നേതാവ് സത്യ രഞ്ജൻ ബറുവ ദിസ്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭീഷണി മുഴക്കിയത്.

15 ദിവസത്തിനുള്ളിൽ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നും അല്ലെങ്കിൽ തങ്ങൾ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇവർ പറയുന്നു. ആർട്ടിക്കിൾ 28 പ്രകാരം സർക്കാർ അംഗീകാരമുള്ള സ്കൂളുകൾക്ക് മതപരമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നും സമൂഹത്തിൽ അടിസ്ഥാന വികസനം സാധ്യമാക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങളെ ക്രിസ്ത്യൻ മിഷൻമാർ ലംഘിക്കുകയാണെന്നും ഇവർ ആരോപിച്ചു.

വരുന്ന ദിവസങ്ങളിൽ ഇവരെ നിരീക്ഷിക്കുമെന്നും ആവശ്യങ്ങൾ നടപ്പിലാക്കാത്ത പക്ഷം ഞങ്ങൾ ചെയ്യേണ്ടത് ചെയ്യും’ എന്ന് അന്ത്യശാസനം ചെയ്തുമാണ് തീവ്ര ഹിന്ദുത്വ സംഘടന നേതാക്കൾ വാർത്താ സമ്മേളനം നടത്തിയത്.