ചോദ്യക്കോഴ വിവാദം: മഹുവ മൊയ്ത്ര എം.പിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ചോദ്യക്കോഴ വിവാദം: മഹുവ മൊയ്ത്ര എം.പിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി: ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി. മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ലോക്സഭ അംഗീകരിച്ചതോടെയാണ് എം.പി സ്ഥാനം നഷ്ടമായത്. മഹുവയെ പുറത്താക്കാൻ സഭക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എം.പിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. വോട്ടിങ് നടന്നത് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു. പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.

എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാർലമെന്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മഹുവ പ്രതികരിച്ചു. പുറത്താക്കിയതിലൂടെ തന്‍റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും അവര്‍ തുറന്നടിച്ചു. മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നത്.

നേരത്തെ, വിഷയം സംസാരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടുമണിക്കൂർ നിർത്തിവെച്ചു. മഹുവക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് 12 മണിക്ക് ചർച്ചക്ക് എടുക്കും എന്നാണ് അറിയിച്ചിരുന്നത്. റിപ്പോർട്ട് എടുക്കുമ്പോൾ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകാം എന്നായിരുന്നു സ്പീക്കർ ഓം ബിർല അറിയിച്ചത്.

ചർച്ചക്കപ്പുറം റിപ്പോർട്ട് പഠിക്കാൻ മൂന്നു ദിവസത്തെ സമയം വേണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അഞ്ഞൂറോളം പേജുള്ള റിപ്പോർട്ട് രണ്ട് മണിക്കൂറിനുള്ളിൽ പഠിക്കാൻ കഴിയില്ലെന്ന് കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു. അതേസമയം മഹുവക്ക് സംസാരിക്കാൻ അനുമതി നൽകണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യവും സ്പീക്കർ നിഷേധിച്ചു.

ചോദ്യക്കോഴ വിവാദത്തിൽ നവംബർ ഒന്നിന് മഹുവ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു. പ്രധാനമന്ത്രിക്കും അദാനി ഗ്രൂപ്പിനും എതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. വ്യവസായിയുമായി മഹുവ പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകളും ദുബെ ഹാജരാക്കിയിരുന്നു.

ദർശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങൾ ദർശന് കൈമാറിയത് സമ്മതിച്ച മഹുവ കോടികൾ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും മറുപടി നൽകുകയുണ്ടായി. ദർശൻ ദുബൈയിൽ നിന്നാണ് മഹുവയുടെ ലോഗിൻ ഐ.ഡി ഒന്നിലേറെ തവണ ഉപയോഗിച്ചത്. അതേസമയം, ലോഗിൻ വിവരങ്ങൾ പങ്കുവെക്കാൻ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്സ് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അങ്ങനെ നിയമമുണ്ടെങ്കിൽ എം.പിമാരുമായി ഇക്കാര്യം പങ്കുവെക്കണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടിരുന്നു.