മാസപ്പടി വിവാദം: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം

മാസപ്പടി വിവാദം: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണാ വിജയൻ, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം.

എതിര്‍കക്ഷികളായ 12 പേര്‍ക്കാണ് നോട്ടീസ് അയക്കുക. കരിമണല്‍ കമ്പനിയില്‍ നിന്ന് സേവനം നല്‍കാതെ മാസപ്പടി വാങ്ങിയെന്നാണ് ആരോപണം. എതിര്‍ കക്ഷികളെ എല്ലാവരേയും കേള്‍ക്കാതെ ഒരു തീരുമാനമെടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു നിലപാട് വ്യക്തമാക്കി.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. വിജിലൻസ് കോടതി ഉത്തരവ് തെറ്റാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. കേസില്‍ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മരിച്ചതിനെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപ്പറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് 2023 ഓഗസ്റ്റ് 9നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ്‌ കണ്ടെത്തിയത്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളും സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാനായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ നീക്കം. എന്നാല്‍ ഇത് ഭരണപക്ഷവും സ്പീക്കര്‍ എഎന്‍് ഷംസീറും ചേര്‍ന്ന് തടഞ്ഞു. പ്രതിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചില്ല. മാത്യുവിന്റെ പ്രസംഗം സഭാരേഖകളില്‍് നിന്ന് നീക്കിയിരുന്നു.