ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി. സാബു ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് സാബു ജേക്കബ് പറഞ്ഞു.

◾സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിനു താത്കാലിക ചുമതല നല്‍കി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞു. ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിനാണു പകരം ചുമതല. പുതിയ മേജര്‍ ആര്‍ച്ച്ബിഷപിനെ അടുത്ത മാസം നടക്കുന്ന സിനഡ് തെരഞ്ഞെടുക്കും. 12 വര്‍ഷത്തെ സേവനത്തിനുശേഷമാണ് മേജര്‍ ആര്‍ച്ച്ബിഷപ് സ്ഥാനത്തുനിന്ന് മാര്‍ ആലഞ്ചേരി വിരമിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് മാര്‍പാപ്പയ്ക്കു രാജിക്കത്തു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വീണ്ടും രാജിക്കത്തു നല്‍കി. ഇപ്പോഴാണ് രാജി മാര്‍പാപ്പ അംഗീകരിച്ചതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.

◾തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് റിമാന്‍ഡില്‍. സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്ന് ഷഹന ഒപി ടിക്കറ്റില്‍ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു. റുവൈസ് ആവശ്യപ്പെട്ട ഒന്നര കിലോ സ്വര്‍ണവും ഏക്കര്‍കണക്കിനു ഭൂമിയും നല്‍കാന്‍ തനിക്കില്ലെന്നായിരുന്നു ആത്മഹത്യ കുറിപ്പ്. ഇതെല്ലാം അവന്റെ സഹോദരിക്കു വേണ്ടിയാണോ? താന്‍ വഞ്ചിക്കപ്പെട്ടു. സ്ത്രീധനമോഹം മൂലം തന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ടെന്ന് റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ദുബായിലെ ബാങ്കുകളില്‍നിന്ന് 300 കോടി രൂപയുടെ വായ്പ തട്ടിയ സംഭവത്തില്‍ വ്യവസായി അബ്ദുള്‍ റഹമാന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍. കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്‍ റഹ്‌മാന്‍ 2017, 18 കാലത്താണ് വായ്പകള്‍ നേടി ബാങ്കിനെ കബളിപ്പിച്ചത്. സിനിമാ നിര്‍മാതാവുകൂടിയായ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

◾സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വം എംപിക്കു നല്‍കിയേക്കും. ആരോഗ്യപ്രശ്നങ്ങള്‍മൂലം മൂന്നു മാസത്തെ അവധിക്ക് അപേക്ഷിച്ച കാനം രാജേന്ദ്രന്‍ ബിനോയ് വിശ്വത്തിനു ചുമതല നല്‍കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് തീരുമാനമെടുത്തേക്കും.

◾നാട് ഒരു നിലയ്ക്കും മുന്നോട്ട് പോകാന്‍ പാടില്ലെന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവ കേരള സദസില്‍ പ്രസംഗിക്കവേയാണ് വി.ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ചത്. നവകേരള സദസ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

◾അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

◾സ്ത്രീധന നിരോധന നിയമം കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീധനത്തിന് എതിരായ മനോനില കുടുംബങ്ങളിലും സമൂഹത്തിലും വളരേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

◾പാപ്പരാണെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വാദം തലശ്ശേരി കോടതി തള്ളി. 1995 ലെ ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ 1998 ല്‍ നല്‍കിയ അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജിയാണു കോടതി തള്ളിയത്. അപകീര്‍ത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കാനും ഉത്തരവിട്ടു. വധശ്രമക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 1997 ല്‍ കെ. സുധാകരന്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിനെതിരേ 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത്.

◾ലൈംഗിക കണ്ടന്റുകള്‍ തെളിവായി കോടതിയിലെത്തുമ്പോള്‍ എങ്ങനെ സൂക്ഷിക്കണമെന്നു മാര്‍ഗ നിര്‍ദേശങ്ങളുമായി കേരളാ ഹൈക്കോടതി. ഇത്തരം തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കണം. ആവശ്യമെങ്കില്‍ ലോക്കറിലാക്കി സൂക്ഷിക്കാം. അവ തിരിച്ചെടുക്കാനോ പരിശോധിക്കാനോ പ്രത്യേക കോടതി ഉത്തരവ് വേണം. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിറകേയാണ് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.

◾മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങി രക്ഷാദൗത്യത്തിലൂടെ രക്ഷിച്ച ബാബു ബന്ധുവീട്ടില്‍ അതിക്രമിച്ചു കയറി അക്രമം കാണിച്ചതിന് അറസ്റ്റിലായി.

◾വളപട്ടണത്ത് പോലീസിനെതിരേ വെടിയുതിര്‍ത്തു മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍. റോഷനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ റോഷന്റെ അച്ഛന്‍ ഡോ. ബാബു തോമസ് വെടിയുതിര്‍ത്തിരുന്നു. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍കൊണ്ട് ആക്രമിച്ച കേസില്‍ റോഷനെ പിടികൂടാന്‍ വീട്ടിലെത്തിയപ്പോഴാണ് പോലീസിനെ ആക്രമിച്ചത്.

◾കോഴിക്കോട് പേരാമ്പ്രയില്‍ എംഡിഎം എയുമായി യുവതിയും യുവാവും പിടിയില്‍. ചേരാപുരം സ്വദേശി വി.സി അജ്മല്‍, ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

◾പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ കാട്ടാന എത്തി. ഒറ്റയാന്‍ മണിക്കൂറുകളോളമാണ് സ്റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചത്. ഇതോടെ പോലീസുകാര്‍ക്കു പുറത്തിറങ്ങാനായില്ല.

◾മലപ്പുറത്ത് സ്‌കൂള്‍ ബസ് ഓടയിലേക്കു മറിഞ്ഞ് 25 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്.

◾തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവ് എ രേവന്ത് റെഡ്ഡി ആറു തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവുകളില്‍ ഒപ്പുവച്ചു. സത്യപ്രതിജ്ഞാ വേദിയില്‍തന്നെയാണ് ഉത്തരവില്‍ ഒപ്പുവച്ചത്. ഭിന്നശേഷിക്കാരിയായ രജിനി എന്ന യുവതിക്കു ജോലി നല്‍കാനുള്ള ഉത്തരവിലും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്റെ പേര് ബിആര്‍ അംബേദ്കര്‍ പ്രജാഭവന്‍ എന്നു മാറ്റി. വസതിക്കു മുന്നിലെ ഇരുമ്പ് കവാടങ്ങള്‍ മുറിച്ച് നീക്കി. ബാരിക്കേഡുകള്‍ മാറ്റിച്ചു.

◾മൂന്നു കേന്ദ്ര മന്ത്രിമാര്‍ രാജിവച്ചതോടെ അവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ നാലു കേന്ദ്രമന്ത്രിമാര്‍ക്കായി വീതിച്ചു നല്‍കി. അര്‍ജ്ജുന്‍ മുണ്ടക്ക് കൃഷിമന്ത്രാലയത്തിന്റെ ചുമതല നല്‍കി. സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെയും രാജീവ് ചന്ദ്രശേഖറിന് ജല്‍ ശക്തി മന്ത്രാലയത്തിന്റെയും ചുമതല നല്‍കി. മറ്റൊരു സഹമന്ത്രി ഭാരതി പര്‍വീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് അധികമായി നല്‍കിയത്.

◾ബിജെപി ജയിച്ച മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ആരാണെന്നു തീരുമാനമായില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ആരെ മുഖ്യമന്ത്രിയാക്കണമെന്നു തീരുമാനിക്കാന്‍ ദേശീയ നേതൃയോഗം ഇന്നും തുടരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദങ്ങളുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

◾ഖത്തറില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങള്‍ അപ്പീല്‍ നല്‍കി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ജയിലില്‍ എല്ലാവരെയും നേരില്‍ കണ്ടു സംസാരിച്ചു. കേസില്‍ രണ്ടു തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

◾റഷ്യയിലെ ബ്രയാന്‍സ്‌കിലെ ഒരു സ്‌കൂളില്‍ പതിനാലുകാരി സഹപാഠിയെ വെടിവച്ചു കൊന്നു. വെടിവയ്പില്‍ അഞ്ച് പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വെടിവച്ചശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

◾ഐ.എസ്.എലില്‍ ജംഷേദ്പുര്‍ – ചെന്നൈയിന്‍ മത്സരത്തിന് ആവേശ സമനില. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ചെന്നൈ ജയിച്ചെന്നുറപ്പിച്ച മത്സരം 90-ാം മിനിറ്റിലെ ഗോളിലൂടെ ജംഷേദ്പുരിന്റെ ഡാനിയേല്‍ ചിമ ചുക്വു സമനിലയിലാക്കുകയായിരുന്നു.

◾ഗൗതം ഗംഭീര്‍ തന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചെന്ന് സഹതാരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഗംഭീറിന് ഇത്ര തരംതാഴാനാവുമെന്നത് ഞെട്ടിക്കുന്നുവെന്നും വളര്‍ത്തുദോഷമാണെന്നും വീഡിയോക്ക് കമന്റ് ചെയ്ത് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി രംഗത്തു വന്നു.

◾മില്ലറ്റെുകള്‍ (ചെറുധാന്യങ്ങള്‍) ഇന്ത്യന്‍ വിപണി കീഴടക്കുകയാണ്. അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷ പ്രചാരണങ്ങളുടെ ചുവടുപിടിച്ച് റാഗി, ജോവര്‍ തുടങ്ങി വിവിധയിനം മില്ലറ്റുകളുടെ വില ഒരു വര്‍ഷത്തിനിടെ 40 ശതമാനം മുതല്‍ 100 ശതമാനം വരെ ഉയര്‍ന്നു. ഈ മേഖലയിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. മില്ലെറ്റ് വളരുന്ന പ്രദേശങ്ങളിലെ അസ്ഥിരമായ കാലാവസ്ഥ മില്ലറ്റെ് വ്യവസായ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ ജോവര്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ വരള്‍ച്ചയും ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ അധിക മഴയും മില്ലെറ്റ് വിളകളുടെ ഉത്പാദനത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഗോതമ്പ് പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങളെ അപേക്ഷിച്ച് മില്ലെറ്റുകളുടെ ഉല്‍പാദനം താരതമ്യേന കുറവാണ്. എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള ജോവറും റാഗിയും ഗോതമ്പിനെ അപേക്ഷിച്ച് യഥാക്രമം 150 ശതമാനവും 45 ശതമാനവും കൂടുതല്‍ വിലയുള്ളവയാണ്. ഇന്ത്യയുടെ മില്ലെറ്റ് കയറ്റുമതി 2022-23 കാലയളവില്‍ 610 കോടി രൂപയായിരുന്നു (7.54 കോടി യു.എസ് ഡോളര്‍).