തിരുപ്പിറവിയുടെ ബഹുസ്വര മാനങ്ങൾ

തിരുപ്പിറവിയുടെ ബഹുസ്വര മാനങ്ങൾ

ക്രിസ്തു ജനിച്ച ദിവസമായി അനുമാനിക്കുന്ന, ലോകമെബാടും പരക്കെ അംഗീകരിക്കുകയും, ക്രിസ്തുമസായി ആഘോഷിക്കുകയും ചെയ്യുന്ന പ്രത്യേക സുദിനമാണല്ലോ ഡിസംബർ 25.

‘ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.’ POC ബൈബിൾ ഭാഷാന്തരത്തിൽ ഈ വാക്യം അല്പം കൂടി വ്യക്തമാണ്. “ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.”

ഈ വാക്യത്തെ ആധാരമാക്കിയുള്ള തിരുപ്പിറവിയുടെ പൊതുവായ ബഹുസ്വരമാനങ്ങളെ, നമുക്കൊന്ന് പരിശോധിക്കാം.

സമാനതകളില്ലാത്ത ജനനമായിരുന്നു യേശുവിന്റേത്. ദൂതൻ നൽകുന്ന സന്ദേശം ബ്രഹത്തായ സന്തോഷത്തിൽ കലാശിക്കുന്ന സുവാർത്തയാണ്. “സന്തോഷം” എന്നത് ഗ്രീക്ക് നാമമായ ‘കാറ’യിൽ നിന്നുദ്ഭവിച്ചതാണ്. “സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും അനുഭവം” എന്നർത്ഥം. ‘സന്തോഷം’ എന്ന പ്രയോഗത്തെ അകമ്പടി സേവിക്കുന്ന ‘മഹാ’ ഗ്രീക്കിൽ ‘മെഗാസ്’’ എന്ന നാമ വിശേഷണം ഇവിടെ ശ്രദ്ധനീയമാണ്.

തിരുപ്പിറവിയുടെ ഈ മഹാസന്തോഷം സർവ്വജനത്തിനും വേണ്ടിയുള്ളതാണ്. ലൂക്കോസ് ഉപയോഗിക്കുന്ന ‘സർവ്വ’ എന്ന പദം ബഹുസ്വരതയുടെ അനിഷേധ്യ സൂചനയാണ്. കാരണം സർവ്വ എന്നതിന്റെ മൂല പദാർത്ഥം എല്ലാം, മുഴുവൻ, എല്ലാത്തരം എന്നൊക്കെയാണ്. ജാതി, മതം, വർണ്ണം, വർഗ്ഗം,

ലിംഗം, ഭാഷ തുടങ്ങിയ മനുഷ്യ സമൂഹത്തിലെ ഏതുതരം വിവേചനങ്ങളെയും ഒട്ടുമേ പരിഗണിക്കാത്ത ഒന്നാണ് യേശുവിന്റെ തിരുപ്പിറവി.ഡോ. ഫ്രാൻസിസ് ആലപ്പാട്ട് തന്റെ ഒരു രചനയിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു. “ആത്മാവിന്റെ ആനന്ദമാണ് ബഹുസ്വരത.” പ്രസ്തുത സന്തോഷത്തിന്റെ ശ്രേഷ്ഠതയും, അതുല്യതയും, മഹത്വവും അഭിരമിക്കുന്നത് ക്രിസ്തു ജനനത്തിലൂടെ ലോകത്തിനു ലഭ്യമാകുന്ന സാർവ്വത്രിക വിമോചനത്തിലാണ്.

അർഥാൽ, തിരുപ്പിറവിയുമായി ബന്ധപ്പെട്ട ബഹുസ്വര സന്തോഷമോ, വിമോചനമോ കേവലം ഭക്തന്മാർക്കോ യഹൂദന്മാർക്കോ വേണ്ടിയല്ല, മറിച്ച് “എല്ലാ മനുഷ്യർക്കും” വേണ്ടിയുള്ളതാണ്. ദൈവത്തിൽ നിന്ന് അകന്ന് അടിച്ചമർത്തലിൽ മല്ലിടുന്നവർക്ക് പോലും എത്ര അത്ഭുതകരമായ വാർത്തയാണിത്! വ്യത്യാസങ്ങൾക്ക് അതീതമായി ക്രിസ്തുജനനം സർവ്വർക്കും വേണ്ടിയുള്ളതാണ്.

ക്രിസ്തു ജനനത്തിന്റെ സദ്വർത്തമാനവുമായി ദൂതൻ അഭിസംബോധന ചെയ്യുന്നത് ഒരുപറ്റം അജപാലകരെയാണ്. (2:8). അക്കാലഘട്ടത്തിൽ അജപാലകർ അങ്ങേയറ്റം അവഗണിക്കപ്പെട്ടവരായിരുന്നു തുറന്ന കോടതിയിൽ അവരുടെ സാക്ഷ്യ മൊഴികൾ പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല, അവരുടെ ജോലി ആചാരപരമായി അശുദ്ധമായിരുന്നു. അങ്ങനെ എന്തുകൊണ്ടും ലളിത ജീവിതത്തിനുടമകളായ മനുഷ്യരിലേക്കായിരുന്നു ദൈവത്തിന്റെ സന്ദേശം പ്രഥമമായി എത്തിച്ചേരുന്നത്. സർവ്വസാധാരണയായി ദൂതന്മാർ പുരോഹിതന്മാർക്കാണ് പ്രത്യക്ഷരാകേണ്ടത്,

ഇടയന്മാർക്കല്ല. അവർ യെരുശലേം ദൈവാലയത്തിലെ നിലവിലെ ചുമതലക്കാരെയാണ് കാണേണ്ടത്, അല്ലാതെ യഹൂദാ സമൂഹത്തിലെ താഴേത്തട്ടിലുള്ള ഇടയന്മാരെ അല്ല. ദൂതൻ അവരെ സമീപിക്കുന്ന സമയം രാത്രിയാണ്. അജപാലകർ അക്ഷരാർത്ഥത്തിൽ അന്ധകാരത്തിലാണ്.

പാപത്തിന്റെ ഇരുട്ടിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നു (1: 9) എന്ന് പറയാം. അന്ധകാരത്തിൽ ഇരിക്കുന്ന ഇടയന്മാർ നഷ്ടപ്പെട്ട മനുഷ്യ രാശിയെ ചിത്രീകരിക്കുന്നു, പാപത്തിന്റെ അന്ധകാരത്തിൽ ജീവിക്കുന്ന മനുഷ്യരുടെമേൽ വിശുദ്ധിയിലുള്ള ദൈവത്തിന്റെ മഹത്വം പൊടുന്നനെ പ്രത്യക്ഷപ്പെടുകയാണ്.

ചുരുക്കത്തിൽ, ക്രിസ്തു ജനനം സമൂലമായും ബഹുസ്വരതകൾ നിറഞ്ഞതാണ്. ക്രിസ്തുജനനത്തിന്റെ മഹാസന്തോഷം സാർവ്വജനീനമാണ്. മനുഷ്യ സമൂഹത്തിലെ ഏതുതരം വിവേചനങ്ങളെയും ഒട്ടുമേ പരിഗണിക്കാത്ത ഒന്നാണ് യേശുവിന്റെ തിരുപ്പിറവി.തിരുപ്പിറവിയുടെ സദ്വർത്തമാനം മതമേലധ്യക്ഷന്മാരെയും, പുരോഹിത വർഗ്ഗത്തെയും പരിഗണനക്കെടുക്കാതെ അവഗണിക്കപ്പെട്ടവരായ അജഗണത്തെ ആലിംഗനം ചെയ്യുന്ന കാഴ്ചയാണിവിടെ.

ഫലമോ മതമൗലീകതയുടെ പിന്നാമ്പുറങ്ങളിലുള്ളവർ ദൈവ കാരുണ്യാതിരേകത്തിന്റെ തേരിലേറി സമൂഹത്തിന്റെ മുഖ്യധാരയിലേക്കാനയിക്കപ്പെടുകയാണ്. വിവേചനങ്ങളെ ഇല്ലാതാക്കി മാനവവിമോചനം എന്ന അതി വിശാലമായ പ്രമേയത്തിന് കീഴിൽ ലോകത്തിലുള്ള എല്ലാവരെയും അണിനിരത്തുന്ന ഒരു ബഹുസ്വര സ്വഭാവമാണ് തിരുപ്പിറവിയ്ക്കുള്ളത്.


മനോജ് വി. മാത്യു
+91 99473 82476