‘സ്നേഹയാത്ര’യെന്ന ബി ജെ പി യുടെ തന്ത്രം ഫലിക്കുമോ?

‘സ്നേഹയാത്ര’യെന്ന ബി ജെ പി യുടെ തന്ത്രം ഫലിക്കുമോ?

ഷാജി ആലുവിള

ക്രിസ്തുമസ് സമയത്ത് ‘സ്നേഹയാത്ര’യുമായി ബി ജെ പി പ്രവർത്തകർ ക്രൈസ്തവരുടെ വീടുകളിലെത്തി ആശംസകൾ കൈമാറുവാൻ തയാറെടുക്കുന്നു.

ആർക്കും ഈ സമയത്ത് ആശംസകൾ അറിയിക്കുവാൻ ആരുടെയും വീടുകളിൽ പോകാം. അതിനാണല്ലോ കരോൾ സർവീസുമായി ഡിസംബർ മാസത്തിലെ തണുപ്പുള്ള രാത്രികളിൽ എല്ലാവീടുകളിലും താളമേളങ്ങളോടെ പാട്ടുകൾ പാടിയും നൃത്തച്ചുവടുകളും വെച്ച് പള്ളികളിൽ നിന്നും കരോൾ സംഘം വരുന്നത്. അത് യേശുവിന്റെ തിരുപ്പിറവി അറിയിക്കാനും ഒപ്പം പണം പിരിക്കാനുമാണ്.

എന്നാൽ, ബിജെപി വരുന്നത് പണം പിരിക്കാനല്ല. ക്രിസ്ത്യാനികളെ തങ്ങളുടെ കൂട്ടത്തിൽ പിടിച്ചു ചേർക്കാനുള്ള പദ്ധതിയുമായാണ്. ഈ സ്നേഹപദ്ധതിയുടെ ഭാഗമായി കൺവൻഷനുകൾ എല്ലാ ജില്ലയിലും നടത്തുവാനും ഒരുങ്ങുന്നു. പിന്നെ സുരേന്ദ്രൻ നേതാവിന്റെ നേതൃത്വത്തിൽ എല്ലാ പാർലമെന്റ് മണ്ഡലത്തിലും പദയാത്രയും.

അപ്പോൾ ഒരു സംശയം നേതാവേ. ഈ സ്നേഹപദ്ധതി കേരളത്തിലെ ക്രിസ്ത്യാനികളോട് മാത്രമാണോ? അതോ എല്ലാ സംസ്ഥാനക്കാരോടും ഉണ്ടോ ?
ബി ജെ പി ക്കാർക്ക് യേശു ജനിച്ചതിലുള്ള സന്തോഷമാണോ, അതോ യേശു ജനിച്ചപ്പോൾ അന്നത്തെ ബെത്ലഹേം രാജാവായ ഹെരോദാവ് ബുദ്ധിപരമായി യേശുവിനെ കൊല്ലുവാൻ പദ്ധതിയൊരുക്കിയതുപോലെ ആണോ?

അല്ല, ഇതൊന്നുമല്ല ലക്ഷ്യം. കേരളത്തിൽ ഒന്നുകൂടി ബിജെപി ക്ക് വേരിറക്കി വളർന്നുയരണം. കുറെ വർഷം കഴിഞ്ഞാലും കേരളം ഒന്നു ഭരിക്കണം. അത് നല്ലകാര്യം തന്നെ. അതിന് ബി ജെ പി കുറെ കൂടി വർഗീയത കുറക്കണം. ക്രൈസ്തവരോടുള്ള മനോഭാവം മാറണം. വടക്കേ ഇന്ത്യയിൽ നിങ്ങൾ ക്രിസ്ത്യാനികളോട് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം. ബി ജെ പി യും ആർ എസ് എസ് ഉം ചേർന്ന് ഇന്ത്യയിലെ ക്രൈസ്തവരെ ഇതുവരെ പീഡിപ്പിച്ച കണക്ക് ഒന്നു നോക്കണം.

എത്ര പ്രാർത്ഥനാലയങ്ങൾ, ദൈവാലയങ്ങൾ നിങ്ങളുടെ അണികൾ തല്ലി തകർത്തും തീയിട്ടു കരിച്ചും കളഞ്ഞു. സ്ത്രീയെന്നോ കുട്ടികളെന്നോ നോക്കാതെ അതി ക്രൂരമായി നിങ്ങൾ പലവിധത്തിലും പീഢിപ്പിച്ചു. തല്ലികൊന്നു. അതിനൊന്നും കേസില്ല തെളിവില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ വേട്ടയാടപ്പെടുന്ന സംസ്ഥാനം ഉത്തരപ്രദേശ് ആണെന്നാണ് കണക്ക്. ഇത് മത പീഡനം തന്നെയല്ലേ? ഇതുവരെ അവിടെ അറസ്റ്റ് ചെയ്ത 398 പേരിൽ കൂടുതലും പാസ്റ്റർമാരും വിശ്വസികളുമാണ്. കത്തോലിക്കാ പുരോഹിതന്മാരുടെ കണക്ക് വേറെ. 318 പുരുഷന്മാരും 80 സ്ത്രീകളും അതിൽ ഉൾപ്പെടുന്നു.

വ്യാജ മതപരിവർത്തനത്തിന്റെ പേരിൽ ആണ് ഈ നടത്തുന്ന ഹീന കൃത്യങ്ങൾ. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായ ഈ കയ്യേറ്റം നിങ്ങൾക്ക് അവസാനിപ്പിക്കുവാൻ പറ്റുമോ? ഇത് യൂ പി യിലെ കാര്യം മാത്രം.
ഇനി മറ്റുള്ള സംസ്ഥാനങ്ങളിലും ക്രൈസ്തവ മിഷണറിമാർക്കും, പുരോഹിതന്മാർക്കും ആരാധനലയങ്ങൾക്കും നേരെ ആക്രമണം നടത്തുന്നത് ആരും അറിയുന്നില്ല. ഒരു മാധ്യമങ്ങളും പുറത്ത് വിടുന്നില്ല എന്നതാണ് സത്യം.

ക്രൈസ്തവർക്ക് ഒരേ ഒരു സന്ദേശം മാതമേ ഉളളു. അത് സമാധാനത്തിന്റെയും ശാന്തിയുടെയും മാത്രമാണ്. അവർ ആരെയും അക്രമിക്കുന്നില്ല. തിരികെ ഉപദ്രവിക്കുന്നുമില്ല. അതാണ് യേശുവിന്റെ സന്ദേശം. സാമൂഹിക പ്രതിബദ്ധതയോടെ ആക്രമണ രീതിയില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുവാൻ മാത്രമാണ് യേശു പഠിപ്പിച്ചത്. ഇതുപോലെ ഏത് മതമാണ് ഇവിടെയുള്ളത്? അങ്ങനെയുള്ള ക്രൈസ്തവർക്കെതിരെ ബി ജെ പി യുടെയും ആർ എസ് എസ് ന്റെയും പ്രജകൾ നടത്തുന്ന ക്രൈസ്തവ വിരുദ്ധ നിലപാടും പ്രവർത്തനവും അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്.

സ്നേഹം കൊണ്ടും കരുതൽ കൊണ്ടും മാത്രമേ മനുഷ്യനെയും സമൂഹത്തെയും കൂടെ നിർത്തുവാൻ സാധിക്കു. അല്ലാതെ
ക്രിസ്തുമസും, ഈസ്റ്ററും വരുമ്പോൾ സന്ദേശ സന്ദർശനം നടത്തിയതുകൊണ്ട് വോട്ടു കിട്ടില്ലെന്ന് നിങ്ങൾ മനസിലാക്കണം. പ്രബുദ്ധരായ സമൂഹമാണ് നമ്മുടേത്. ഇതൊക്കെ മനസിലാക്കാൻ ഏത് ആളിനും അറിയാം.

ബിജെപിക്ക് പറയാൻ കഴിയണം ഇന്ത്യക്കാർ ഒരു കുടുംബം ആണ്. അതിൽ എല്ലാ മതങ്ങളും ആചാരങ്ങളും ഉപദേശങ്ങളും, ആരാധന രീതികളുമുണ്ട്. മതത്തിന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ ആരെയും ഉപദ്രവിക്കില്ല എന്ന്. അങ്ങനെ പറയുവാൻ ഈ സ്നേഹ യാത്രാ സന്ദർശനത്തിൽ സാധിക്കുമോ? എന്നാൽ ക്രൈസ്തവസമൂഹം നിങ്ങളെ ചേർത്തുനിർത്തും.